ആഗമനകാലം – ഒന്നാം വാരം : ശനി (9/12/17)

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(30:19-21, 23-26)
(നിന്‍റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും)
ഇസ്രായേലിന്‍റെ പരിശുദ്ധനും ദൈവവുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലേമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്‍റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും. കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്ധമായി വിളയും; അന്ന് നിന്‍റെ കന്നുകാലികള്‍ വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും. നിലം ഉഴുകുന്ന കാളകളും കഴുതകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും ഉപ്പ് ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും. മഹാസംഹാരത്തിന്‍റെ ദിനത്തില്‍ ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍ ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞ അരുവികള്‍ ഉണ്ടാകും. കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ മുറിവുകള്‍ വച്ചുകെട്ടുകയും തന്‍റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്‍റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(147: 1-2, 3-4, 5-6)
R (v .ഏശ.30: 18c) കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
1. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കു സ്തുതിപാടുന്നത് ഉചിതം തന്നെ. കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്ന് ഒരുമിച്ചു കൂട്ടുന്നു.
R കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍………….
2. അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; അവയോരോന്നിനും പേരിടുന്നു.
R കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍………….
3. നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്. കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു.
ഞ കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍………….
അല്ലേലൂയാ!
അല്ലേലൂയാ! (ഏശ.33: 22) കര്‍ത്താവ് ഞങ്ങളുടെ ന്യായാധിപനാകുന്നു. അവിടുന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു. അവിടുന്ന് ഞങ്ങളെ രക്ഷിക്കും. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന്
(9:35-10: 1, 6-8)
(ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍ യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി)
അക്കാലത്ത്, യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കേരോ ചുരുക്കം. അതിനാല്‍, തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍.
അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.
അവന്‍ അവരെ അയച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ വിജാതീയരുടെ പട്ടണത്തില്‍ പ്രവേശിക്കരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here