ആഗമനകാലം :  ഒന്നാംഞായര്‍ – 2/12/2018

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്(33:14 -16)

(ദാവീദിന്‍റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും)   ഇസ്രായേല്‍ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ നാളില്‍ ആ സമയത്ത്, ദാവീദിന്‍റെ ഭവനത്തില്‍നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും. അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും. നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടും.കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം  (25: 4bc -5bc, 8-9, 10+14)

R(v . 1) കര്‍ത്താവേ, എന്‍റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
1. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
R കര്‍ത്താവേ, എന്‍റെ  ………

2. കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.
R   കര്‍ത്താവേ, എന്‍റെ ……..
3. കര്‍ത്താവിന്‍റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്. കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കും.
R   കര്‍ത്താവേ, എന്‍റെ ……..
രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (3: 12-4 : 2)

(നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ                നിഷ്കളങ്കമായി വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!)
സഹോദരരേ, ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള സ്നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ! സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളെ നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.

കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Ps .85:7) കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ; ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യണമേ – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:25-28; 34-36)

(നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു)

അപ്പോള്‍ ഈശോ തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്‍റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ്ത്രപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെ മേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here