ആകുലപ്പെടാതെ എങ്ങനെ ജീവിക്കാം?

ഉത്ക്കണ്ഠ, ആകുലത, ഭയം, നിരാശ… തുടങ്ങിയ പ്രശ്‌നങ്ങളിൽ കുടുങ്ങി ജീവിതം തള്ളിനീക്കുന്നവർക്കുള്ള ഉത്തരം!

ജീവിതത്തിന്റെ ആനന്ദവും സൗന്ദര്യവും നഷ്ടമാക്കിക്കളയുന്ന ആത്മീയരോഗമാണ് ആകുലത. ശരീരത്തിന്റെ ആരോഗ്യം ചോർത്തിക്കളയാനും മനസിന്റെ ശക്തി കെടുത്തിക്കളയാനും ആകുലതയ്ക്ക് കഴിയും. ആകുലതമൂലം വളരെയേറെ കഴിവുകളുള്ള പലർക്കും അവ ഉപയോഗിച്ച് ജീവിതത്തിൽ വളരാൻ സാധിക്കാതെ പോകുന്നു.

പഠിക്കാൻ കഴിവുണ്ടെങ്കിലും ഞാൻ പഠിച്ചാൽ ജയിക്കുമോ എന്ന ആശങ്കയാൽ തളരുന്ന വിദ്യാർത്ഥികൾ….
പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഈ കോഴ്‌സ് പൂർത്തിയാക്കിയാൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നോർത്ത് ആധി പിടിച്ചു നടക്കുന്നവർ…
എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ കിട്ടുമോ…?
ഞാൻ വിവാഹം കഴിച്ചാൽ ശരിയാകുമോ…?

എന്റെ പങ്കാളി എന്നെ സ്‌നേഹിക്കു മോ? ഉപേക്ഷിച്ചുപോകുമോ…? ഇത്തരം ആകുലതകൾകൊണ്ട് പലരുടെയും ജീവിതം സന്തോഷമില്ലാത്തതായിത്തീരുന്നു.
അടുത്ത നാളിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ, അനേകർ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജീവിക്കുന്നത് കാണാൻ കഴിഞ്ഞു. ജോലിയുണ്ടെങ്കിലും അതിൽ ആഹ്ലാദമില്ല. കാരണം അത് എപ്പോൾ നഷ്ടപ്പെടും എന്ന ഭയമാണ് അവരെ ഭരിക്കുന്നത്.

തനിക്ക് എന്തെങ്കിലും മാരകരോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയാൽ ജീവിക്കുന്ന മനുഷ്യരും നമുക്കിടയിൽ ധാരാളം. ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ? കാൻസർ പിടിപെടുമോ? മനസിന്റെ സമനില തെറ്റുപ്പോകുമോ? ഇത്തരം ചിന്തകളാൽ അവർ തളരും. ഇങ്ങനെ യുള്ളവർക്ക് ഒരു ചെറിയ തലവേദന വന്നാൽ മതി, ബ്രെയിൻ ട്യൂമറാണോ എന്നവർ ചിന്തിച്ചുപോകും.

മക്കളെ ഓർത്ത് ആകുലപ്പെട്ട് കഴിയുന്ന മാതാപിതാക്കൾ… വാർധക്യത്തിലെത്തി കിടപ്പിലാകുന്നത് ഭാവനയിൽ കണ്ട് ഭയപ്പെടുന്ന മധ്യവയസ്‌കർ…. അപകടം ഉണ്ടാകുമോ എന്ന ഭയംമൂലം വണ്ടി ഓടിക്കാത്തവർ… മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കും എന്നോർത്ത് തളരുന്നവർ… സാമ്പത്തിക ബുദ്ധിമുട്ടുകളോർത്ത് ഉറക്കം നഷ്ടപ്പെട്ടവർ….. ഇങ്ങനെ ആകുലതയുടെ ദുരിതം പേറുന്ന മനുഷ്യരാണ് എവിടെയും. ഇവരെ നോക്കി യേശു ഇപ്രകാരം പറഞ്ഞു:

”എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്ന് ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉൽക്കണ്ഠാകുലരാകേണ്ട. ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ. ആകാശത്തിലെ പക്ഷികളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉത്ക്കണ്ഠമൂലം ആയുസിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?” (മത്തായി 6:25-27).

ആകുലതകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ല. അതിനെക്കാൾ ഉപരിയായി അത് പ്രശ്‌നങ്ങൾ നേരിടാനും അതിജീവിക്കാനുമുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എങ്കിലും നാം ആകുലപ്പെട്ടുപോകുന്നു. എങ്ങനെയാണ് നമുക്കിതിൽനിന്ന് വിടുതൽ ലഭിക്കുക. പത്രോസ് ശ്ലീഹാ നിർദേശിക്കുന്ന പ്രതിവിധി ഇതാണ്:

”നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6).
നമ്മളെ ആകുലപ്പെടുത്തുന്ന സാഹചര്യങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ അവയോരോന്നും എടുത്തുപറഞ്ഞ് കർത്താവിനെ ഭരമേല്പ്പിക്കുക. ”ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ” (ജറെമിയ 32:27) എന്നരുളിച്ചെയ്ത കർത്താവിന് സഹായിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ നമുക്കില്ല. മാത്രമല്ല, അവൻ നമ്മുടെ കാര്യത്തിൽ കരുതലുള്ളവനുമാണ്.അവനിലുള്ള വിശ്വാസവും ആശ്രയവും നഷ്ടപ്പെടുമ്പോഴാണ് നാം ആകുലചിത്തരായിപ്പോകുന്നത്.

ഒരിക്കൽ രോഗിയായ മകളെ ഓർത്ത് വിഷമിക്കുന്ന പിതാവ് രാത്രിയിൽ നിലവിളിച്ചുകൊണ്ട് ജപമാല ചൊല്ലുകയായിരുന്നു. പെട്ടെന്ന് മുൻപിലുള്ള ദൈവമാതൃരൂപം ഇങ്ങനെ സംസാരിക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു.

”മകനേ, നിന്റെ മകൾക്ക് രണ്ട് പിതാക്കന്മാരുണ്ട് എന്ന സത്യം നീ മറന്നുപോയോ? നീ അവൾക്ക് ശാരീരികമായി ജന്മം നല്കി. എന്നാൽ അവളുടെ ആത്മാവിനെ സൃഷ്ടിച്ചതും അവൾക്ക് വ്യക്തിത്വം നല്കിയതും സ്വർഗത്തിലെ പിതാവാണ്.”
”ഇതിൽ ഏതു പിതാവായിരിക്കും അവളെ കൂടുതൽ സ്‌നേഹിക്കുക?”
”തീർച്ചയായും സ്വർഗത്തിലെ പിതാവുതന്നെ.”

”എങ്കിൽ അവിടുന്ന് അവളെ കണ്ടുകൊണ്ടിരിക്കുന്നു. ഈ രോഗാവസ്ഥ എങ്ങനെ ദൈവമഹത്വത്തിനായി കൈകാര്യം ചെയ്യണമെന്ന് സർവജ്ഞാനിയായ അവിടുത്തേക്കറിയാം. അതിനാൽ സ്വർഗസ്ഥനായ പിതാവിന് നിന്റെ മകളെ ഭരമേല്പിക്കുക. നീ ശാന്തനാകുക.”
അദ്ദേഹത്തിന്റെ ഉത്ക്കണ്ഠകളെല്ലാം ആ നിമിഷംതന്നെ പോയി മറഞ്ഞു.

നാം സ്വർഗസ്ഥനായ പിതാവിന്റെ മക്കളാണെന്നും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നും ആകുലചിത്തർ തങ്ങളോടുതന്നെ പറയണം. ഉത്ക്കണ്ഠയുടെ ഭാരംകൊണ്ട് തളരുമ്പോൾ മുട്ടുകുത്തിനിന്ന് ഇപ്രകാരം പ്രാർത്ഥിക്കുക: ”കർത്താവായ ദൈവമേ, അങ്ങാണ് എന്റെ പിതാവും സ്രഷ്ടാവും എന്ന് ഞാൻ വിശ്വസിച്ച് ഏറ്റുപറയുന്നു. ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന അവിടുത്തെ അധികാരത്തിൻകീഴിലാണ് എന്നെ ഭാരപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളും സംഭവങ്ങളും എന്നും ഞാൻ വിശ്വസിക്കുന്നു. അവിടുന്നറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. അവിടുന്ന് അനുവദിക്കുന്നതെല്ലാം എന്റെ ആത്യന്തികമായ നന്മയ്ക്കാണെന്നും ഞാൻ വിശ്വസിക്കുന്നു. അതിനാൽ എന്നെ ഭാരപ്പെടുത്തുന്ന വ്യക്തികളെയും സംഭവങ്ങളെയും ഞാനിതാ സമർപ്പിക്കുന്നു. എന്റെ മനസിനെആകുലതയിൽനിന്ന് സ്വതന്ത്രനാക്കി അനുഗ്രഹിക്കണമേ… ആമ്മേൻ.”

LEAVE A REPLY

Please enter your comment!
Please enter your name here