അമേരിക്കയുടെ പ്രഥമ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥറിനെ സെപ്റ്റംബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

വത്തിക്കാന്‍: അമേരിക്കന്‍ സ്വദേശിയായ പ്രഥമ രക്തസാക്ഷി ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സെപ്റ്റംബര്‍ 23-നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഗ്വാട്ടിമാലയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സഭ അംഗീകരിച്ചത്. തുടര്‍ന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരിന്നു. വൈദികനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിക്കുന്ന വത്തിക്കാന്‍ തീരുമാനം ഒക്‌ലഹാമോ രൂപതാ ഇന്നലെയാണ് പരസ്യപ്പെടുത്തിയത്.

ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെല്ലുകയായിരിന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമീണരുടെ പ്രിയങ്കരനായി മാറിയ ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ സ്ഥലത്തു ആശുപത്രിയും, സ്‌കൂളും, കത്തോലിക്ക റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചു.

ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നതിനാല്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. ഗ്രാമത്തിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി.

1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി മരണം വരിക്കുകയായിരിന്നു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫാ. റോഥര്‍ ഉള്‍പ്പെടെ അന്ന്‍ മരണം വരിച്ച രക്തസാക്ഷികളുടെ പേര് രാജ്യത്തെ മെത്രാന്‍മാര്‍ നാമകരണ നടപടികള്‍ക്കായി നല്‍കിയിരിന്നു. വിശ്വാസത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഫാ. റോഥറിനെ വര്‍ഷങ്ങളായി രക്തസാക്ഷിയായാണ് ഗ്വാട്ടമാലിയൻ സഭ കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here