അനുദിനവിശുദ്ധര്‍ : നവംബര്‍ 15 മഹാനായ വി. ആല്‍ബര്‍ട്ട്

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘മഹാന്‍’ എന്ന് ആളുകള്‍ വിളിച്ചു തുടങ്ങിയ വിശുദ്ധനാണ് വി. ആല്‍ബര്‍ട്ട്. വി. തോമസ് അക്വിനാസി ന്റെ ഗുരു കൂടിയാണ് ഇദ്ദേഹം. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായി രുന്ന സ്വാബിയ എന്ന സ്ഥലത്താണ് ആല്‍ബര്‍ട്ട് ജനിച്ചത്. പിതാവ് ഉന്നതപദവിയിലിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പാദുവാ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഡൊമിനിക്കന്‍ സഭയുടെ ആരംഭകാലത്ത് സുവിശേഷ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ആല്‍ബര്‍ട്ട് പുരോഹിതനാകാന്‍ തീരുമാനമെടുത്തു. പുരോഹിതനായ ശേഷം ഡൊമിനിക്കന്‍ സഭയില്‍ ദൈവശാസ്ത്രം പഠിപ്പിച്ചുപോന്നു. കൊളോണ്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അധ്യാപകവൃത്തി. ഇക്കാലത്താണ് പിന്നീട് ലോകം അറിയപ്പെടുന്ന വിശുദ്ധനായി മാറിയ തോമസ് അക്വിനാസിനെ പഠിപ്പിച്ചത്. പ്രകൃതിശാസ്ത്രവും തത്വശാസ്ത്രവും തമ്മില്‍ ഇടകലര്‍ത്തി നിരവധി പഠനങ്ങള്‍ നടത്തിയ ആല്‍ബര്‍ട്ട് നിരവധി പുസ്തകങ്ങളും രചിച്ചു. തത്വചിന്ത യൂറോപ്പിലേക്ക് കൊണ്ടുവന്നതു ആല്‍ബര്‍ട്ടായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഗ്രീക്ക്, അറബിക് ശാസ്ത്രങ്ങളും അദ്ദേഹം യൂറോപ്പിനു പരിചയപ്പെടുത്തി. ഗ്രീക്ക് തത്വചിന്തകനായ അരിസ്‌ടോട്ടിലിന്റെ സ്ഥാനമാണ് ജനങ്ങള്‍ ആല്‍ബര്‍ട്ടിനു നല്‍കിയിരുന്നത്. വിശ്വാസത്തെ യുക്തിയുമായി ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പഠനങ്ങളും ഏറെ ജനപിന്തുണ നേടിയെടുത്തിരുന്നു. തോമസ് അക്വിനാസ് പിന്നീട് പ്രവര്‍ത്തിച്ചതും ഇത്തരത്തിലായിരുന്നു. പരിശുദ്ധ മറിയത്തോടുള്ള ആല്‍ബര്‍ട്ടിന്റെ ഭക്തിയും തീവ്രമായിരുന്നു. വി. കുര്‍ബാനയ്ക്കു മുന്തിയ സ്ഥാനമാണ് വിശ്വാസജീവിതത്തിലുള്ളതെന്നും അദ്ദേഹം പഠിപ്പിച്ചു. ദാനധര്‍മങ്ങളിലൂടെ മാത്രമേ ദൈവത്തിലേക്ക് മനുഷ്യന് അടുക്കുവാനാവുകയുള്ളു എന്ന് എപ്പോഴും പറഞ്ഞിരുന്ന ആല്‍ബര്‍ട്ട് എളിമയും വിനീതഭാവവും കൈമുതലാക്കിയാണ് ജീവിച്ചത്. മെത്രാന്‍ പദവിവരെയെ ത്തിയെങ്കിലും ശിശുസഹജമായ വിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹം കൈവിട്ടിരുന്നില്ല. യാത്രകളെല്ലാം കാല്‍നടയായി മാത്രമാണ് നടത്തിയത്. 1280 ല്‍ 74-ാം വയസില്‍ അദ്ദേഹം മരിച്ചു. 1931 ല്‍ പോപ് പയസ് പതിനൊന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here