അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 29 ദാവീദ് രാജാവ്

‘ദാവീദന്റെ പുത്രന്‍’ എന്നാണ് യേശുക്രിസ്തു അറിയപ്പെടുന്നത്. ദാവീദ് രാജാവിന്റെ മഹത്വത്തെപ്പറ്റി വിവരിക്കാന്‍ മറ്റൊന്നും പറയേ യേണ്ടതില്ലല്ലോ. മത്തായിയുടെയും ലൂക്കായുടെയും സുവിശേഷ ങ്ങളില്‍ യേശുക്രിസ്തുവിന്റെ വംശാവലി വിവരിച്ചിട്ടുണ്ട്. മത്തായി തന്റെ സുവിശേഷം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്: ”അബ്രാഹ ത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രനായി ഈശോമിശിഹായുടെ വംശാവലിവിവരണം.” ഇസ്രയേലിന്റെ രണ്ടാമത്തെ രാജാവായ ദാവീദ് പഴയനിയമത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ്. സാവൂള്‍രാജാവിന്റെ പിന്‍ഗാമിയായിരുന്നു അദ്ദേഹം. ആടുമേയ്ക്കലായിരുന്നു ദാവീദിന്റെ തൊഴില്‍. ബേത്‌ലഹേമുകാരനായ ഇസ്സെയുടെ ഇളയ പുത്രന്‍. സാവൂള്‍ രാജാവിനെ ഒരു ദുരാത്മാവു പീഡിപ്പിക്കുന്നുവെന്നും കിന്നരം വായിച്ചുകേട്ടാല്‍ അതൊഴിഞ്ഞുപോകുമെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദാസന്മാര്‍ കിന്നരം വായനയില്‍ വിദഗ്ധനായ ദാവീദിനെ കണ്ടെത്തി കൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. സാമുവല്‍ ഒന്നും രണ്ടും പുസ്തകങ്ങളില്‍ ദാവീദിന്റെ കഥ വിവരിക്കുന്നു. ദാവീദ് കിന്നരം വായിച്ചപ്പോള്‍ ദുരാത്മാവ് സാവൂളിനെ വിട്ടുപോയി. അങ്ങനെ ദാവീദ് രാജാവിനു പ്രിയങ്കരനായി. ‘ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ’ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഫെലിസ്ത്യര്‍ ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ അവര്‍ മുന്നില്‍ നിര്‍ത്തിയത് ഗോലിയാത്തിനെ യായിരുന്നു. പത്തടി ഉയരവും അതിനൊത്ത ശരീരവുമുണ്ടായിരുന്ന ഗോലിയാത്തിനു മുന്നില്‍ ഇസ്രയേലുകാര്‍ വിറപൂണ്ടു. ആടുകളെ മേയ്ക്കുമ്പോള്‍ കാട്ടുമൃഗങ്ങളെ കവണയില്‍ നിന്നു കല്ലുതെറ്റിച്ച് ഓടിക്കാന്‍ മിടുക്കനായിരുന്ന ദാവീദ് ഗോലിയാത്തിനെ നേരിടാനൊരുങ്ങി. കവണയില്‍ നിന്ന് കല്ലുതെറ്റിച്ച് ഗോലിയാത്തിന്റെ നെറ്റിയില്‍ കൊള്ളിച്ചു. നിലത്തുവീണ ഗോലിയാത്തിന്റെ തല വാളെടുത്ത് ദാവീദ് വെട്ടി. ഫെലിസ്ത്യര്‍ പരാജയപ്പെട്ട് ഓടി. സാവൂളിനു ദാവീദിനെ ഏറെ ഇഷ്ടമായി. അദ്ദേഹത്തിന്റെ മകളെ ദാവീദ് വിവാഹം കഴിച്ചു. സാവൂള്‍ രാജാവിനു വേണ്ടി നിരവധി യുദ്ധങ്ങള്‍ ദാവീദ് പോരാടി. അവയൊക്കെയും വിജയിക്കുകയും ചെയ്തു. ഇസ്രയേല്‍ ജനം മുഴുവന്‍ ദാവീദിനെ ആരാധിക്കുവാനും സ്തുതിക്കുവാനും തുടങ്ങി. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഇത് സാവൂളിനു അസൂയയ്ക്കു കാരണമായി. ദാവീദിനെ കൊല്ലാന്‍ രാജാവ് പദ്ധതിയിട്ടു. എന്നാല്‍, അതൊന്നും യാഥാര്‍ഥ്യമായില്ല. സാവൂളും മക്കളും ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ ദാവീദ് രാജാവായി. ഇസ്രയേ ലിന്റെ സുവര്‍ണകാലമായിരുന്നു ദാവീദിന്റെ ഭരണകാലം. നാല്പതു വര്‍ഷം അദ്ദേഹം ഭരണം നടത്തി. പലപ്പോഴും പാപത്തില്‍ വീണുപോകുന്ന ദാവീദിനെ ബൈബിളില്‍ കാണാം. എങ്കിലും അദ്ദേഹം പശ്ചാത്തപിക്കുകയും പാപപരിഹാരമനുഷ്ഠിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here