അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 12 വിശുദ്ധ ഫിന്നിയന്‍ (470-552

അയര്‍ലന്‍ഡിലെ മൈഷാലിലാണ് ഫിന്നിയാന്‍ ജനിച്ചത്. മാതാ പിതാക്കള്‍ ക്രൈസ്തവരായിരുന്നു. പുരോഹിതനാകും മുന്‍പു തന്നെ മൂന്നു ദേവാലയങ്ങള്‍ സ്ഥാപിച്ച വ്യക്തിയാണ്. അയര്‍ലന്‍ഡില്‍ വിശുദ്ധ പാട്രിക്കിന്റെ (മാര്‍ച്ച് 17ലെ വിശുദ്ധന്‍) നേതൃത്വത്തില്‍ നിരവധി പേര്‍ ക്രിസ്തുമതത്തിലേക്ക കടന്നുവന്ന സമയമായിരുന്നു അത്. ഫിന്നിയന്‍ വിശുദ്ധ പാട്രിക്കിന്റെ വാക്കുകള്‍ അതേപടി ജീവിതത്തില്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കു കയും ചെയ്തു. അയര്‍ലന്‍ഡിലെ ക്ലൊനാര്‍ദില്‍ അദ്ദേഹം സ്ഥാപിച്ച ആശ്രമം ആയിരം വര്‍ഷ ത്തോളം ആ രാജ്യത്തെ പുരോഹിതരുടെ സര്‍വകലാശാല എന്ന പോലെയായിരുന്നു. പിന്നീട് വിശുദ്ധരായി മാറിയ നിരവധി പേരുടെ ഗുരുവായി ഫിന്നിയന്‍ ജോലിനോക്കി. ഫിന്നിയാന്‍ ഒരു ബിഷപ്പായാണ് പലപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍, ഇതു പൂര്‍ണമായി ശരിയാണോ എന്നത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല. നിരവധി അദ്ഭുതങ്ങളും ഫിന്നിയാന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. പ്രാവുകളും കിളികളും എപ്പോഴും അദ്ദേഹത്തിന്റെ തലയ്ക്കു മുകളില്‍ പറക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞകള്‍ അവര്‍ അനുസരിക്കുമായിരുന്നു. നിരവധി പേരെ സുഖ പ്പെടുത്തുകയും മറ്റുനിരവധി അദ്ുഭതങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തു. ഒരിക്കല്‍ ഉത്തരജര്‍മന്‍ വിഭാഗമായ സാക്‌സോണ്‍ ആക്രമിച്ചപ്പോള്‍ അവരെ നേരിടുന്നതിനു വേണ്ടി ഫിന്നിയന്‍ ഒരു ഭൂചലനം സൃഷ്ടിച്ചതായും അക്രമികള്‍ അങ്ങനെ കൊല്ലപ്പെട്ടതായും ഐതിഹ്യമുണ്ട്. എ.ഡി. 549-552 കാലത്ത് പ്ലേഗ് ബാധിച്ചാണ് ഫിന്നിയന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ക്ലോനാര്‍ദില്‍ അടക്കം ചെയ്തു. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടില്‍ അവ നശിപ്പിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here