അനുദിനവിശുദ്ധര്‍ : ജൂലൈ 24 വി. ക്രിസ്റ്റീന (മൂന്നാം നൂറ്റാണ്ട്)

റോമിലെ ടസ്‌കനിയില്‍ ന്യായാധിപനായിരുന്ന ഉര്‍ബാന്‍ എന്ന സമ്പന്നനായ മനുഷ്യന്റെ മകളായിരുന്നു ക്രിസ്റ്റീന. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന ഉര്‍ബാന്‍ സ്വര്‍ണം കൊണ്ട് തീര്‍ത്ത ആ ദൈവങ്ങളുടെ നിരവധി വിഗ്രഹങ്ങള്‍ പണിത് അവയെ ആരാധിച്ചുകൊണ്ടാണ് ജീവിച്ചത്. എന്നാല്‍, ക്രിസ്റ്റീന മനസ് തുറന്ന് യേശുവിനെ ആരാധിച്ചു. ഹിന്ദു പുരാണത്തിലെ ഹിരണ്യകശിപുവിന്റെയും വിഷ്ണുഭക്തനായ പ്രഹ്ലാദന്റെയും കഥയോട് സാമ്യം തോന്നുന്ന ഒരു ജീവിതകഥയാണ് ഈ അച്ഛന്റെയും മകളുടെയും. ഉര്‍ബാന്‍ ആരാധിച്ചിരുന്ന സ്വര്‍ണവിഗ്രഹങ്ങള്‍ ഒരു ദിവസം ക്രിസ്റ്റീന എടുത്ത് നശിപ്പിച്ചു കളയുകയും ഈ സ്വര്‍ണമൊക്കെയും പാവങ്ങള്‍ക്ക് ദാനമായി നല്‍കുകയും ചെയ്തു. ക്രിസ്റ്റീനയുടെ ഈ നടപടി ഉര്‍ബാന്റെ കോപം വര്‍ധിപ്പിച്ചു. സ്വന്തം മകളെ ഉര്‍ബാന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയയാക്കി. യേശുവിലുള്ള വിശ്വാസത്തില്‍ നിന്നു പിന്‍മാറാന്‍ തയാറല്ലെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അവളെ തടവിലാക്കിയ ശേഷം കൂടുതല്‍ കടുത്ത പീഡനങ്ങള്‍ക്കു ഉത്തരവിട്ടു. ക്രിസ്റ്റീനയുടെ മാംസത്തില്‍ കമ്പികൊണ്ട് കൊളുത്തി വലിച്ചു; കാലില്‍ ഇരുമ്പുദണ്ഡ് വച്ച് ഉരുട്ടി; ഇരുമ്പുകട്ടിലില്‍ കിടത്തി അടിയില്‍ തീവച്ചു പൊള്ളിച്ചു. എന്നാല്‍ പീഡനങ്ങളെല്ലാം അവള്‍ സഹിച്ചു. ക്രിസ്റ്റീനയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ അതുകൊണ്ടൊന്നും സാധിച്ചില്ല. ഒടുവില്‍, ക്രിസ്റ്റീനയെ കൊല്ലുവാന്‍ തീരുമാനിച്ചു. അവളുടെ കഴുത്തില്‍ ഒരു കല്ലുകെട്ടി അവളെ ബോള്‍സെനാ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, മാലാഖമാര്‍ അവളെ രക്ഷിച്ചു. വെള്ളത്തിനു മുകളിലൂടെ അവള്‍ നടന്നുവരുന്ന കാഴ്ചയാണ് ഉര്‍ബാന്‍ കണ്ടത്. ഈ കാഴ്ച കണ്ടിട്ടും അവിശ്വാസത്തിന്റെ ഇരുള്‍മൂടിയ അയാളുടെ കണ്ണുകള്‍ ദൈവമഹത്വം മനസിലാ ക്കിയില്ല. മകളെ കൊല്ലാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടുവെന്നറിഞ്ഞ് അയാള്‍ മരിച്ചുവീണു. ഉര്‍ബാന്റെ സൈനികര്‍ ക്രിസ്റ്റീനയെ കൊല്ലുവാനുള്ള ശ്രമം ഉപേക്ഷിച്ചില്ല. പുതുതായി അധികാരം ഏറ്റെടുത്ത ന്യായാധിപന്‍ ക്രിസ്റ്റീനയെ ഉപദേശിച്ചു തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രമിച്ചു. അവളുടെ വിശ്വാസതീഷ്ണമായ മറുപടി അയാളെ കോപിഷ്ടനാക്കി. ക്രിസ്റ്റീനയെ ഒരു തീച്ചൂളയിലേക്ക് എറിഞ്ഞു. എന്നാല്‍, അഞ്ചു ദിവസം അവിടെ കിടന്നിട്ടും ഒരു പൊള്ളല്‍ പോലും ഏല്‍ക്കാതെ അദ്ഭുതകരമായി അവള്‍ തിരിച്ചുവന്നു. ഈ കാഴ്ച കണ്ടു നിന്ന ന്യായാധിപനും ഹൃദയം തകര്‍ന്നു മരിച്ചു. ക്രിസ്റ്റീന തടവില്‍ തുടര്‍ന്നു. മൂന്നാമത്തെ ന്യായാധിപന്‍ അധികാരം ഏറ്റെടുത്തു. അയാള്‍ ക്രിസ്റ്റീനയുടെ മുറിയിലേക്ക് ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ കടത്തിവിട്ടു. എന്നാല്‍ അവയൊന്നും അവളെ ഉപദ്രവിച്ചില്ല. പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുവാന്‍ അവള്‍ യേശുവിനോട് പ്രാര്‍ഥിച്ചു. ”നാഥാ, എന്നെ അങ്ങയുടെ പക്കലേക്ക് വിളിക്കേണമേ…” പിന്നീട് അവളുടെ നാവ് മുറിച്ചു കളയപ്പെട്ടു. ക്രിസ്റ്റീനയുടെ ദേഹം മുഴുവന്‍ അസ്ത്രങ്ങള്‍ തറച്ചുകയറ്റി. ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രൂരമര്‍ദനമേറ്റ് വാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരില്‍ ഒരുവളായി ക്രിസ്റ്റീനയും യേശുവിന്റെ സന്നിധിയിലേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here