അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 19 വി. സാറ (യേശുവിന് മുന്‍പ്)

പഴയനിയമത്തിലെ അബ്രഹാമിന്റെ ഭാര്യ സാറയുടെ ഓര്‍മദിവസമാണിന്ന്. അബ്രഹാമിന്റെ ദൈവത്തില്‍ വിശ്വസിച്ച ആദ്യ സ്ത്രീ സാറയായിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. ഉല്‍പത്തി പുസ്തകത്തില്‍ ആദ്യപിതാവായ അബ്രാഹത്തിന്റെയും ഭാര്യ സാറ യുടെയും കഥ വിശദമായി പറയുന്നുണ്ട്. സാറായി എന്നായിരുന്നു അവളുടെ ആദ്യ പേര്. കാഴ്ചയില്‍ അതീവസുന്ദരിയായിരുന്നു അവര്‍ എന്നു ബൈബിള്‍ പറയുന്നു. ഈജിപ്ത്തുകാരുടെ മുഴുവന്‍ മനമിളക്കിയ സുന്ദരി. ക്ഷാമകാലത്ത് അബ്രാഹം ഈജിപ്തിലെ ഫറവോയുടെ അടുത്ത് പോകുമ്പോള്‍ സാറയോട് പറഞ്ഞു: ‘നീ എന്റെ ഭാര്യയാണെന്ന് അവര്‍ അറിയരുത്. അറിഞ്ഞാല്‍ അവര്‍ എന്നെ കൊന്നുകളഞ്ഞു നിന്നെ സ്വന്തമാക്കാന്‍ ശ്രമിക്കും.’ അബ്രാഹമിന്റെ സഹോദരിയായി അവള്‍ ഫറവോയുടെ കൊട്ടാരത്തിലെത്തി. സാറയെപ്രതി ഫറവോ അബ്രാഹത്തെ മാനിച്ചു. മക്കളില്ല എന്ന ദുഃഖം അബ്രാഹത്തെ വേട്ടയായിടപ്പോള്‍ സാറ തന്നെയാണ് അദ്ദേഹത്തെ തന്റെ വേലക്കാരിക്കൊപ്പം ശയിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അബ്രാഹത്തിലൂടെ വേലക്കാരി ഗര്‍ഭിണിയായപ്പോള്‍ അവള്‍ സാറായെ നിന്ദിക്കുവാന്‍ തുടങ്ങി. സാറ വേദനിച്ചു. ദൈവം അബ്രാഹത്തോട് പറഞ്ഞു: ‘നിന്റെ ഭാര്യയായ സാറായിയുടെ പേര് ഇന്നു മുതല്‍ സാറ എന്നായിരിക്കും. അവളെ ഞാന്‍ അനുഗ്രഹിക്കും.’ ദൈവം സാറായെ സമൃദ്ധമായി അനുഗ്രഹിച്ചു. ദൈവത്തിന്റെ വാഗ്ദാനം പോലെ ജനതകളുടെ മാതാവായി സാറ അറിയപ്പെട്ടു. രാജാക്കന്‍മാര്‍ അവളിലൂടെ ഉത്ഭവിച്ചു. തൊണ്ണൂറാം വയസില്‍ ദൈവത്തിന്റെ അദ്ഭുതശക്തിയാല്‍ അവള്‍ ഇസഹാക്കിനു ജന്മം നല്‍കി. അവള്‍ പറഞ്ഞു: ”എനിക്കു സന്തോഷിക്കാന്‍ ദൈവം വക നല്‍കിയിരിക്കുന്നു. ഇതുകേള്‍ക്കുന്നവരൊക്കെ എന്നെ ചൊല്ലി ചിരിക്കും. സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വയസുകാലത്ത് ഞാന്‍ അദ്ദേഹത്തിനു ഒരു മകനെ നല്‍കിയിക്കുന്നു.” സാറായുടെ ജീവിതകാലം 127 വര്‍ഷമായിരുന്നു. കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍ വച്ച് അവള്‍ മരിച്ചു. കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോ ണില്‍ മക്‌പെലായിയലെ വയലിലുള്ള ഗുഹയില്‍ അബ്രാഹം സാറയെ അടക്കിയതായി ബൈബിള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here