അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 25 വി. ലൂയിസ് ഒന്‍പതാമന്‍ ( 1214-1270)

പതിനൊന്നു വയസു മാത്രം പ്രായമുള്ളപ്പോള്‍ ഫ്രാന്‍സിന്റെ രാജാവായ വിശുദ്ധനാണ് ലൂയിസ് ഒന്‍പതാമന്‍. പിതാവായ ലൂയിസ് എട്ടാമന്റെ മരണത്തെ തുടര്‍ന്നായിരുന്ന് അത്. രാജ്ഞിയായ അമ്മ ബ്ലാഞ്ചെയായിരുന്നു മകന്റെ പേരില്‍ ഭരണം നടത്തിയിരുന്നത്. അമ്മയും മകനും പൂര്‍ണമായി യേശുവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു പോന്നു. രാജ്ഞി മകനോട് പറയു മായിരുന്നു: ”നീ ഒരു പാപം ചെയ്തു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ നീ മരിച്ചു എന്ന് കേള്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” ഇരുപത്തിയൊന്ന് വയസായപ്പോള്‍ ലൂയിസ് ഭരണം നേരിട്ട് ഏറ്റെടുത്തു. പിന്നീട് 44 വര്‍ഷം അദ്ദേഹം ഫ്രാന്‍സ് ഭരിച്ചു. മാര്‍ഗരറ്റ് എന്നായിരുന്നു ലൂയിസിന്റെ ഭാര്യയുടെ പേര്. അവര്‍ക്ക് ഏഴു മക്കളുമുണ്ടായി. പതിനെട്ടാം നൂറ്റാണ്ടു വരെ ലൂയിസിന്റെ സന്തതിപരമ്പരകളാണ് ഫ്രാന്‍സ് ഭരിച്ചത്. രാജാവായിരുന്നുവെങ്കിലും ഒരു വിധത്തിലും യേശുവിന്റെ ചൈതന്യത്തില്‍ നിന്നു വിട്ടുമാറാന്‍ ലൂയിസ് തയാറായില്ല. പല വിപ്ലവകരമായ ഭരണപരിഷ്‌കാരണങ്ങളും അദ്ദേഹം ഫ്രാന്‍സില്‍ നടത്തി. പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടിയും അവരെ സമ്പന്നര്‍ക്കൊപ്പം ഉയര്‍ത്തുന്നതി നുവേണ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും. നിരവധി ദേവാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. വിശുദ്ധ നാട് (പലസ്തീന്‍) തുര്‍ക്കികളുടെ കൈയില്‍ നിന്നു പിടിച്ചെടുക്കുന്നതിനു വേണ്ടി അദ്ദേഹം രണ്ട് കുരിശുയുദ്ധങ്ങള്‍ നടത്തി. ഒരു യുദ്ധത്തിനിടയ്ക്ക് ടൈഫോയ്ഡ് ബാധിച്ച് അദ്ദേഹം മരിച്ചു. മരിക്കുന്നതിനു മുന്‍പ് മകനായ ഫിലിപ് രാജകുമാരനു ലൂയിസ് എഴുതിയ കത്ത് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ തെളിവുകൂടിയാണ്. അത് ഇങ്ങനെയായിരുന്നു: ”എന്റെ പ്രിയപ്പെട്ട മകനെ…എനിക്കു നിന്നോട് പല കാര്യങ്ങള്‍ പറയുവാനുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്: നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ശക്തിയോടും കൂടി നീ സ്‌നേഹിക്കണം. അവനിലൂടെയല്ലാതെ രക്ഷയില്ല എന്നു മനസിലാക്കുക. അവിടുത്തേക്ക് ഇഷ്ടമില്ലാത്തവയെന്നു നിനക്കു തോന്നുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക. അതായത്, എല്ലാ പാപങ്ങളില്‍ നിന്നും തെന്നിമാറുക. ഒരു പാപം ചെയ്യുക എന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലത് എന്നു മനസില്‍ എപ്പോഴും ഉറപ്പിക്കുക. എന്റെ മകനെ…ദൈവം നിന്നെ എന്തെങ്കിലും പരീക്ഷണങ്ങളില്‍പ്പെടുത്തിയാല്‍ പൂര്‍ണ മനസോ ടെയും ഉലയാത്ത വിശ്വാസത്തോടെയും അതേറ്റുവാങ്ങുക. നിനക്ക് സംഭവിച്ചതെല്ലാം നല്ലതിനായി രുന്നുവെന്നോ അതല്ലെങ്കില്‍ അത് നിനക്ക് അര്‍ഹതപ്പെട്ടതാണെന്നോ മനസിലാക്കുക. നിനക്ക് ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ തന്നാല്‍ വിനയത്തോടെ അവിടുത്തേക്ക് നന്ദി പറയുക. ഒരിക്കലും ആ അനുഗ്രഹങ്ങളില്‍ മതിമറന്ന് അഹങ്കാരിയായി മാറരുത്. പാവപ്പെട്ടവരോടും രോഗികളോടും എപ്പോഴും കരുണയുള്ളവനായിരിക്കണം. അവരെ നിന്നാല്‍ ആവുന്ന വിധത്തിലെല്ലാം സഹായിക്കണം. ധനവാന്‍മാരോടല്ല, ദരിദ്രരോടാവണം നീ എപ്പോഴും ചേര്‍ന്നിരിക്കുന്നത്. അവസാനമായി, എന്റെ മകനേ..ഒരച്ഛന് നല്‍കാവുന്ന എല്ലാ അനുഗ്രഹങ്ങളും ഞാന്‍ നിനക്കു തരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവവും സകല വിശുദ്ധന്‍മാരും നിന്നെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കട്ടെ. ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കുവാന്‍ അവിടുന്ന് നിനക്ക് കൃപയേകട്ടെ. എപ്പോഴും അവിടുത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക. യേശുവിന്റെ നാമത്തില്‍, ആമേന്‍. ”

LEAVE A REPLY

Please enter your comment!
Please enter your name here