അനുദിനം വിശുദ്ധരിലൂടെ —-/ 2017 മാർച്ച് 20 /– ലിന്‍ഡിസ്ഫാര്‍ണെയിലെ വിശുദ്ധ കുത്ബെര്‍ട്ട്


AD 634-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബ്രിയയിലാണ് വിശുദ്ധ കുത്ബെര്‍ട്ട് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒരുപക്ഷേ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ കുത്ബെര്‍ട്ട്. എന്നിരുന്നാലും വിശുദ്ധന്റെ യഥാര്‍ത്ഥ ജനനസ്ഥലത്തേക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇംഗ്ലണ്ട്കാരും, സ്കോട്ട് ലാന്‍ഡ്‌കാരും വിശുദ്ധന്റെ ജനനസ്ഥലമെന്ന ഖ്യാതി അവകാശപ്പെടുന്നു. വിശുദ്ധന്റെ ജീവചരിത്രം രചിച്ച വിശുദ്ധ ബെഡെ ഇതിനെകുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല.

വിശുദ്ധന്‍ അയര്‍ലാന്‍ഡിലെ രാജാവായിരുന്ന മുയിര്‍സെര്‍താഗിന്റെ പേരകുട്ടിയായ ‘മുല്ലോച്ചെ’ യാണെന്ന് അവകാശവാദവും നിലവിലുണ്ട്. “വിശുദ്ധ കുത്ബെര്‍ട്ട്, ദേവാലയത്തിന്റേയും, ദുര്‍ഹാം നഗരത്തിന്റേയും മാദ്ധ്യസ്ഥന്‍, ജനനം കൊണ്ട് അയര്‍ലാന്‍ഡ്‌ കാരനും, രാജകീയ വംശത്തില്‍ പിറന്നവനും” എന്ന് ദുര്‍ഹാം കത്രീഡലിലെ അള്‍ത്താരയും, പ്രധാന മുറിയും തമ്മില്‍ വിഭജിക്കുന്ന വിഭജന പലകയില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഈ വാദഗതി ശക്തമാണ്.

വിശുദ്ധ ബെഡേയുടെ വിവരണമനുസരിച്ച്, ദാവീദിനെപോലെ വിശുദ്ധ കുത്ബെര്‍ട്ടും ഒരാട്ടിടയനായിരുന്നു, സ്കോട്ട്‌ലന്‍ഡിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കെന്‍സ്വിത്ത് എന്ന് പേരായ ഒരു വിധവയാണ് വിശുദ്ധനെ പരിപാലിച്ചിരുന്നത്. വിശുദ്ധ കുത്ബെര്‍ട്ടിന് 15 വയസ്സായപ്പോള്‍ അദ്ദേഹത്തിനൊരു ദര്‍ശനമുണ്ടായി, അതില്‍ വിശുദ്ധ ഐഡാനേയെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതായാണ് വിശുദ്ധന്‍ കണ്ടത്. പിന്നീട് യുവാവായിരിക്കെ തന്നെ അദ്ദേഹം റ്റ്വീഡ് നദീക്കരയിലുള്ള വിശുദ്ധ ഈറ്റായുടെ കീഴിലുള്ള മെല്‍റോസ് ആശ്രത്തിലെ സന്യാസിയായി തീര്‍ന്നു. അവിടത്തെ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ബോയിസില്‍ നിന്നാണ് വിശുദ്ധന് സന്യാസജീവിതരീതികളും, സുവിശേഷങ്ങളും ആര്‍ജിച്ചെടുത്തത്.

ബോയിസിലിന് പ്ലേഗ് പിടിപ്പെട്ടപ്പോള്‍ വിശുദ്ധ കുത്ബെര്‍ട്ടാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. 13മത്തെ നൂറ്റാണ്ടില്‍ വിശുദ്ധന്‍, ബോയിസിലിനു സുവിശേഷങ്ങള്‍ വായിച്ചുകേള്‍പ്പിക്കാനുപയോഗിച്ചിരുന്ന പുസ്തകം വിശുദ്ധ കുത്ബെര്‍ട്ടിന്റെ തിരുനാള്‍ ആഘോഷവേളയില്‍ ദുര്‍ഹാമിലെ കത്രീഡലിന്റെ അള്‍ത്താരയില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ബോയിസിലിന്റെ മരണത്തേതുടര്‍ന്ന്‍ 664-ല്‍ കുത്ബെര്‍ട്ട് മെല്‍റോസ് ആശ്രമത്തിലെ പ്രിയോര്‍ ആയി. ലിന്‍ഡിസ്ഫാര്‍ണേയിലെ പ്രിയോര്‍ തീര്‍ന്ന വിശുദ്ധന്‍, നോര്‍ത്തംബര്‍ലാന്‍ഡ്, ദുര്‍ഹാം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കിടയിലേക്കും തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. പിന്നീട് വിശുദ്ധന്‍ ലിന്‍ഡിസ്ഫാര്‍ണേയിലെ ആശ്രമാധിപതിയായി നിയമിതനായി. സകല ചരാചരങ്ങളോടും വളരെ സ്നേഹപൂര്‍വ്വമാണ്‌ വിശുദ്ധന്‍ പെരുമാറിയിരുന്നത്. പാറകളോടും, കടലിനോടും വരെ വിശുദ്ധന് സ്നേഹമായിരുന്നു, പക്ഷികളും, മൃഗങ്ങളും വിശുദ്ധന്റെ വിളിപ്പുറത്തെത്തുമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിനും മാരകമായ പ്ലേഗ് അസുഖം പിടിപ്പെട്ടു. അദ്ദേഹത്തിന് പിന്നീടൊരിക്കലും തന്റെ പഴയ ആരോഗ്യം വേണ്ടെടുക്കുവാന്‍ സാധിച്ചില്ല.

676-ന്റെ തുടക്കംവരെ വിശുദ്ധന്‍ ഫാര്‍ണെ ദ്വീപില്‍ വളരെ കഠിനമായ ഏകാന്തവാസമായിരുന്നു നയിച്ചുവന്നിരുന്നത്. ഇക്കാലയളവില്‍ മാലാഖമാരാണ് വിശുദ്ധന് പോറ്റിയിരുന്നതെന്നൊരു വിശ്വാസവും നിലവിലുണ്ട്. നോര്‍ത്തംബര്‍ലാന്‍ഡിലെ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് വിശുദ്ധന്‍ ഇഷ്ടത്തോടെയല്ലെങ്കില്‍ പോലും 684-ല്‍ ഹെക്സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. എന്നാല്‍ 685-ല്‍ ഈറ്റായും ലിന്‍ഡിസ്ഫാര്‍ണെയും പരസ്പരം കൈമാറികൊണ്ട് 685-ലെ ഈസ്റ്റര്‍ ഞായരറാഴ്ച വിശുദ്ധന്‍ തനിക്കിഷ്ടപ്പെട്ട ലിന്‍ഡിസ്ഫാര്‍ണെ സഭയിലെ മെത്രാനായി. ഈ പദവിയില്‍ വിശുദ്ധന്‍ രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇക്കാലയളവില്‍ അദ്ദേഹം പ്രവര്‍ത്തിച്ച നിരവധി അത്ഭുതപ്രവര്‍ത്തനങ്ങളാല്‍ അദ്ദേഹത്തെ “ബ്രിട്ടണിന്റെ അത്ഭുത-പ്രവര്‍ത്തകന്‍” എന്നാണു വിശേഷിപ്പിച്ചിരുന്നത്.

വിശുദ്ധനെക്കുറിച്ച് ഇപ്രകാരമൊരു ഐതീഹ്യവും വിശുദ്ധ ബെഡെ വിവരിക്കുന്നുണ്ട് : ‘ഒരിക്കല്‍ അസമയത്ത് ഒരു നീണ്ടയാത്രയിലായിരുന്ന വിശുദ്ധന്‍ വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി, അവിടെ കണ്ട ഒരു വീട്ടിലെ സ്ത്രീയോട് വിശുദ്ധന്‍ തനിക്ക് പകരം തന്റെ കുതിരക്ക് എന്തെങ്കിലും ഭക്ഷണം നല്‍കുവാന്‍ അപേക്ഷിച്ചു, ഒരു ദൈവഭക്തയായിരുന്ന ആ സ്ത്രീ കുതിരക്ക് ഭക്ഷണം നല്‍കിയതിനു ശേഷം വിശുദ്ധനോട് എന്തെങ്കിലും കഴിക്കുവാന്‍ നിര്‍ബന്ധിക്കുകയും ഇവിടം വിട്ടാല്‍ പിന്നെ ജനവാസമുള്ള സ്ഥലങ്ങള്‍ കുറവാണ് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഉപവാസത്തിലായിരുന്ന വിശുദ്ധന്‍ അതിനു തയ്യാറായില്ല. തന്റെ യാത്ര തുടര്‍ന്ന വിശുദ്ധന്‍ സന്ധ്യകഴിഞ്ഞപ്പോഴും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തുവാന്‍ കഴിയാതായപ്പോള്‍ രാത്രി താങ്ങുവാന്‍ ഒരു സ്ഥലവും കാണാതെ കുഴങ്ങി, അവസാനം ആട്ടിടയന്‍മാര്‍ ഉപേക്ഷിച്ച ഒരു ചെറുകുടില്‍ കണ്ട വിശുദ്ധന്‍ അവിടെ തങ്ങുകയും, കാറ്റത്ത് ചിന്നിചിതറികിടന്നിരുന്ന കുറച്ചു വൈക്കോല്‍ തന്റെ കുതിരക്ക് നല്‍കുകയും ചെയ്തു.

അതിനു ശേഷം വിശന്നു വലഞ്ഞ വിശുദ്ധന്‍ തന്റെ പതിവ് പ്രാര്‍ത്ഥന ചൊല്ലികൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുതിര ആ വീടിന്റെ മേച്ചില്‍ വലിച്ചു നിലത്തിട്ടു, അതില്‍ ഒരു തുണികഷണത്തില്‍ പൊതിഞ്ഞ നിലയില്‍ അപ്പോഴും ചൂടാറാത്ത ഭക്ഷണം. വിശുദ്ധന്‍ അമ്പരന്നു. തനിക്ക് നല്‍കിയ ഭക്ഷണത്തിനായി കര്‍ത്താവായ ദൈവത്തിനു നന്ദിപറഞ്ഞ ശേഷം വിശുദ്ധന്‍ ആ ഭക്ഷണം രണ്ടായി പകുത്തു, ഒരു പകുതി സ്വയം ഭക്ഷിക്കുകയും മറ്റേ പകുതി കുതിരക്ക് കൊടുക്കുകയും ചെയ്തു.

വീണ്ടും രോഗബാധിതനായ വിശുദ്ധന്‍ തന്റെ പദവി ഉപേക്ഷിച്ചശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു, മാത്രമല്ല ആരെയും തന്നെ ശുശ്രൂഷിക്കുവാന്‍ അനുവദിക്കാതെ വിശുദ്ധന്‍ തന്റെ സഹനങ്ങള്‍ സ്വയം സഹിച്ചു. 687 മാര്‍ച്ച്‌ 20ന് ഇന്നര്‍ഫാര്‍ണെയില്‍ വെച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. വിശുദ്ധന്റെ മരണവാര്‍ത്ത മിന്നല്‍ കണക്കെ ലിന്‍ഡിസ്ഫാര്‍ണെയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അദ്ദേഹത്തെ ലിന്‍ഡിസ്ഫാര്‍ണെയിലാണ് അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ ഭൗതീകശരീരം അവിടെ നൂറ്റാണ്ടുകളോളം അഴുകാതെ കിടന്നു. പിന്നീട് വൈകിംഗുകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ പല സന്യാസിമാരിലുമായി ചിന്നിചിതറി.

പിന്നീട് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം 1104-ല്‍ അവ ദുര്‍ഹാം കത്രീഡലിലേക്ക് മാറ്റി. അവിടെയുള്ള ദേവാലയം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ഒരു കേന്ദ്രമായി മാറി. മദ്ധ്യകാലഘട്ടങ്ങളിലെ ഒരു ദേവാലയത്തിന്റെ കീഴില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ഒരുപക്ഷേ വിശുദ്ധന്റേതായിരിക്കാമെന്നാണ് കരുതുന്നത്. നല്ലൊരു സുവിശേഷകനായിരുന്ന വിശുദ്ധന് രോഗശാന്തി വരവും ഉള്ളതായി പറയപ്പെടുന്നു. സ്കോട്ട്ലന്റിലെ ആദ്യത്തെ പ്രഭാഷണ ശാല വിശുദ്ധനാണ്‌ പണികഴിപ്പിച്ചത്. ഇവിടെ പിന്നീട് ഒരാശ്രമം ഉണ്ടാവുകയും അത് പില്‍ക്കാലത്ത് സെന്റ്‌. ആന്‍ന്ത്രൂസ്സ് സര്‍വ്വകലാശാലയായി മാറുകയും ചെയ്തു.

ഏതപകടകരമായ സ്ഥലത്ത് പോയി സുവിശേഷം പ്രസംഗിക്കുന്നതിനും വിശുദ്ധന് ഭയമില്ലായിരുന്നു. ഇദ്ദേഹത്തിന്റെ എളിമയും, ക്ഷമയുമാണ് ലിന്‍ഡിസ്ഫാര്‍ണെയിലെ മറ്റു സന്യാസിമാരെ കൂടി ബെനഡിക്ടന്‍ സഭയിലെക്കാകര്‍ഷിക്കുവാന്‍ കാരണമായത്. പ്രകൃതിയോടും, പക്ഷികളോടും, മൃഗങ്ങളോടും വളരെയേറെ സ്നേഹമുണ്ടായിരുന്ന വിശുദ്ധന്‍ ഇക്കാലത്തും നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്തിരുന്ന ലിന്‍ഡിസ്ഫാര്‍ണെ ദ്വീപ്‌ ഇന്നൊരു പക്ഷി-മൃഗ സംരക്ഷണ കേന്ദ്രമാണ്. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരിലുണ്ട്, ഒരു സ്ത്രീയുടെ മരിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു ചുംബനം വഴി വിശുദ്ധന്‍ സുഖപ്പെടുത്തിയത് അതില്‍ ഒന്നുമാത്രം. ലിന്‍ഡിസ്ഫാര്‍ണെ ദ്വീപില്‍ കാണപ്പെടുന്ന ചെറിയ കക്കകള്‍ ഇന്ന് ‘കുത്ബെര്‍ട്ടിന്റെ മുത്തുകള്‍’ എന്നാണു അറിയപ്പെടുന്നത്.

സഭാ വസ്ത്രവും, കിരീടവും ധരിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലും, തലക്ക് മുകളില്‍ പ്രകാശ സ്തംഭങ്ങളുമായി നില്‍ക്കുന്ന രീതിയിലും, അരയന്നങ്ങള്‍ക്കൊപ്പവും, കഴുകന്‍മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലും മറ്റുമാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചു കണ്ടിട്ടുള്ളത്‌. ദുര്‍ഹാമിലെ കത്രീഡലിനു പുറമേ, റിപ്പോണിലും, മെല്‍റോസിലും വിശുദ്ധനെ ആദരിച്ചുവരുന്നു. ആട്ടിടയന്‍മാരുടേയും, നാവികരുടേയും, പ്ലേഗ് ബാധിതരുടേയും മാദ്ധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ കുത്ബര്‍ട്ട്.

ഇതര വിശുദ്ധര്‍

1. ജെറുസലേമിലെ അനസ്റ്റാസിയൂസ്

2. ഫോട്ടിന, ജൊസഫ്, വിക്ടര്‍, സെബാസ്റ്റ്യന്‍, അനാറ്റോളിയൂസ് ഫോസിയൂസ്,

ഫോത്തിസ്, പാരഷേവ്, സിറിയാക്കോ

3. ഫിലെമോണിലെ ആര്‍ച്ചിപ്പുസ്

4. ഫോന്തെനെല്ലിലെ ബെനിഞ്ഞൂസ്

LEAVE A REPLY

Please enter your comment!
Please enter your name here