അനുദിനം വിശുദ്ധരിലൂടെ —–/ഡിസംബർ 30/— രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും


വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും ‘ജൂപ്പീറ്ററിന്‍റെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍ ഉത്തരവിട്ടു.

വിശുദ്ധന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടക്കുകയും, മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങള്‍ അസ്സീസിയില്‍ മറവ് ചെയ്യുകയും ചെയ്തു. സെറെനാ എന്ന്‍ പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കല്‍ കൊണ്ടു വന്നു. കൈകള്‍ മുറിച്ച് നീക്കപ്പെട്ട വിശുദ്ധന്‍ അവരെ അനുഗ്രഹിക്കുകയും തല്‍ഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു.

ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാര്‍ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകള്‍ക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവര്‍ണറായ വെനൂസ്റ്റിയന്റെ മതപരിവര്‍ത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയതായി പറയപ്പെടുന്നു.

സ്പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് ഫെര്‍മോ നഗരത്തിനടുത്തായി വിശുദ്ധന്‍റെ ആദരണാര്‍ത്ഥം ഒരു ദേവാലയം പണികഴിപ്പിക്കുകയും, സ്പോലെറ്റോയിലെ മെത്രാനായിരുന്ന ക്രിസാന്തസ്സില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തിനായി ആവശ്യപ്പെടുകയും ചെയ്തു. അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം, വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകള്‍ പ്രസാധനത്തിനു മുന്‍പ് വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കുമായി വിശുദ്ധ സബിനൂസിന് നല്‍കുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here