തപസ്സ്കാലം അഞ്ചാം വാരം: വ്യാഴം – 22/3/2018

ഒന്നാം വായന
ഉത്പത്തിപ്പുസ്തകത്തില്‍നിന്ന് (17:3-9)
(നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും)
അക്കാലത്ത്, അബ്രാം ദൈവത്തിന്‍റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്‍റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്‍റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്‍റെ സന്തതികളും തമ്മില്‍ തലമുറ തലമുറയായി എന്നേക്കും ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്‍റെ സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്‍റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും. ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്‍റെ സന്താനങ്ങളും തലമുറതോറും എന്‍റെ ഉടമ്പടി പാലിക്കണം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(105:4-5,6-7,8-9)
R ( v.8a) കര്‍ത്താവു തന്‍റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
1. കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിദ്ധ്യം തേടുവിന്‍. അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.
R കര്‍ത്താവു തന്‍റെ ഉടമ്പടി …………
2. അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്‍റെ മക്കളേ, ഓര്‍മിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.
R കര്‍ത്താവു തന്‍റെ ഉടമ്പടി …………
3. അവിടുന്നു തന്‍റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും; തന്‍റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനംതന്നെ.
R കര്‍ത്താവു തന്‍റെ ഉടമ്പടി …………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(cf.സങ്കി.95:8ab) ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(8:51-59)
(എന്‍റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ
പിതാവായ അബ്രാഹം ആനന്ദിച്ചു)
അക്കാലത്ത്, യേശു യഹൂദന്‍മാരോട് അരുളിച്ചെയ്തു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല. യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്‍മാരും മരിച്ചു. എന്നിട്ടും, എന്‍റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു. ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?
യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വത്തിനു വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്‍റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു. എന്‍റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്നു മറഞ്ഞ് ദേവാലയത്തില്‍നിന്നു പുറത്തുപോയി.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here