അഞ്ചാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (8/2/2018)

ഒന്നാം വായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (2:18-25)
(ദൈവം സ്ത്രീയെ ആദത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
അവര്‍ ഒറ്റ ശരീരമായിത്തീരും)
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു.എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.
അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്‍റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്‍റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്‍റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും. പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(128:1-2,3,45)
R (v.1) കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്‍മാരാണ്.
1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍റെ അദ്ധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്‍മ വരും.
R കര്‍ത്താവിനെ …………..
2. നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍ പോലെയും.
R കര്‍ത്താവിനെ …………..
3. കര്‍ത്താവിന്‍റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍റെ ആയുഷ്കാലമത്രയും നീ ജറുസലെമിന്‍റെ ഐശ്വര്യം കാണും.
R കര്‍ത്താവിനെ …………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന് (11:4-13)
(എന്‍റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്‍പനകളും പാലിക്കാതിരിക്കുകയും
ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്‍റെ
ദാസനു നല്‍കും.)
സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്‍റെ ഹൃദയത്തെ അന്യദേവന്‍മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കര്‍ത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണവിശ്വസ്തത പാലിച്ചില്ല. സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ കര്‍ത്താവിനെ പൂര്‍ണമായി അനുഗമിച്ചില്ല. അവന്‍ ജറുസലെമിനു കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മ്മിച്ചു. തങ്ങളുടെ ദേവന്‍മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അവന്‍ അങ്ങനെ ചെയ്തു.
രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്‍മാരെ സേവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവില്‍നിന്ന് അവന്‍ അകന്നുപോവുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് അവനോടു കോപിച്ചു. കര്‍ത്താവ് സോളമനോട് അരുളിച്ചെയ്തു: നിന്‍റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്‍റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്‍പ്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്‍റെ ദാസനു നല്‍കും. എന്നാല്‍, നിന്‍റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്‍റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിന്‍റെ മകന്‍റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും. രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്‍റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓര്‍ത്ത് നിന്‍റെ പുത്രന് ഒരു ഗോത്രം നല്‍കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(106:3-4,35-36,37+40)
R (v.4) കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
1. ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ! അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍ എന്നെ സഹായിക്കണമേ!
R കര്‍ത്താവേ, അവിടുന്നു …………..
2. അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെ ആചാരങ്ങള്‍ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.
R കര്‍ത്താവേ, അവിടുന്നു …………..
3. അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു. കര്‍ത്താവിന്‍റെ കോപം തന്‍റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്‍റെ അവകാശത്തെ വെറുത്തു.
R കര്‍ത്താവേ, അവിടുന്നു …………..
അല്ലേലൂയാ!
അല്ലേലൂയാ! (യാക്കോ.11:21bc ) നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (7:24-30)
(നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ)
അക്കാലത്ത്, യേശു അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവ് ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്‍റെ കാല്‍ക്കല്‍ വീണു. അവള്‍ സീറോ – ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്‍റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്ക്കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെനിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കെള്ളുക; പിശാചു നിന്‍റെ മകളെ വിട്ടുപോയിരിക്കുന്നു. അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. പിശാച് അവളെ വിട്ടു പോയിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here