തപസ്സ്കാലം അഞ്ചാം വാരം: വെള്ളി – 24/3/2018

ഒന്നാം വായന
ജറെമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (20:10-13)
(വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ട്)
പലരും അടക്കംപറയുന്നതു ഞാന്‍ കേള്‍ക്കുന്നു: സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക. നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എന്‍റെ കൂട്ടുകാരായിരുന്നവര്‍ ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോള്‍ നമുക്ക് അവന്‍റെമേല്‍ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം. എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ട്. അതിനാല്‍ എന്‍റെ പീഡകര്‍ക്കു കാലിടറും. അവര്‍ എന്‍റെമേല്‍ വിജയം വരിക്കുകയില്ല. വിജയിക്കാതെ വരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും. അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്. കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(18:1-2ab,2c-3,6)
R ( v.6) കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എന്‍റെ അപേക്ഷ കേട്ടു.
1. കര്‍ത്താവേ! എന്‍റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങാണ് എന്‍റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്‍റെ ദൈവവും.
R കഷ്ടതയില്‍ ഞാന്‍ …………
2. എനിക്ക് അഭയംതരുന്ന പാറയും, എന്‍റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും. സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.
R കഷ്ടതയില്‍ ഞാന്‍ …………
3. കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
R കഷ്ടതയില്‍ ഞാന്‍ …………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(cf.യോഹ.6:63b+68b) കര്‍ത്താവേ. അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്; നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന്
(10:31-42)
(അവര്‍ യേശുവിനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍
അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു)
അക്കാലത്ത്, യഹൂദര്‍ യേശുവിനെ എറിയാന്‍ കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍ മൂലമല്ല, ദൈവദൂഷണം മൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും. വീണ്ടും അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു.
ജോര്‍ദാന്‍റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാനം നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു. വളരെപ്പേര്‍ അവന്‍റെ അടുത്തുവന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍, ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്. അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here