അഞ്ചാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (7/2/2018)

ഒന്നാം വായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (2:5b9, 15-17)
(അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത
മനുഷ്യനെ അവിടെ താമസിപ്പിച്ചു)
ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍ മനുഷ്യനുമുണ്ടായിരുന്നുമില്ല. എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.
അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്‍റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവും തോട്ടത്തിന്‍റെ നടുവില്‍ അവിടുന്നു വളര്‍ത്തി.
ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(104:1-2a,27-28,29bc-30)
R (v.1) എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു. വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു.
R എന്‍റെ ആത്മാവേ, …………..
2. യഥാസമയം ഭക്ഷണം ലഭിക്കാന്‍ അവ അങ്ങയെ നോക്കിയിരിക്കുന്നു. അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍ അവ നന്‍മകളാല്‍ സംതൃപ്തരാകുന്നു.
R എന്‍റെ ആത്മാവേ, …………..
3. അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു. അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.
R എന്‍റെ ആത്മാവേ, …………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന് (10:1-10)
(ഷേബാ രാജ്ഞി സോളമന്‍റെ സര്‍വ്വവിജ്ഞാനത്തെയും കണ്ടു)
അക്കാലത്ത്, സോളമന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ട ഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു. ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയ രത്നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു. അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍ മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്ത വിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല. സോളമന്‍റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം, മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി. അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയുംപറ്റി ഞാന്‍ എന്‍റെ ദേശത്തു കേട്ടത് എത്രയോ വാസ്തവം! നേരില്‍ കാണുന്നതുവരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യത്തിന്‍റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്! അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍! അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്‍റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്നേഹിച്ചതിനാല്‍, നീതിയും ന്യായവും നടത്താന്‍ അങ്ങയെ രാജാവാക്കി. അവള്‍ രാജാവിനു നൂറ്റിയിരുപതുതാലന്തു സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(37:5-6,30-31,39-40)
R (v.30a) നീതിമാന്‍റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു.
1. നിന്‍റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്നംപോലെ നിന്‍റെ അവകാശവും.
R നീതിമാന്‍റെ അധരങ്ങള്‍ …………..
2. നീതിമാന്‍റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; അവന്‍റെ നാവില്‍നിന്നു, നീതി ഉതിരുന്നു. ദൈവത്തിന്‍റെ നിയമം അവന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്‍റെ കാലടികള്‍ വഴുതുന്നില്ല.
R നീതിമാന്‍റെ അധരങ്ങള്‍ …………..
3. നീതിമാന്‍മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്, കര്‍ത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരില്‍നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.
R നീതിമാന്‍റെ അധരങ്ങള്‍ …………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.17:17b ) കര്‍ത്താവേ, അവിടുത്തെ വചനമാണ് സത്യം. ഞങ്ങളെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (7:14-23)
(ഒരുവന്‍റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്)
അക്കാലത്ത്, ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് യേശു പറഞ്ഞു: നിങ്ങളെല്ലാവരും എന്‍റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്‍മാര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്‍റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്‍റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. അവന്‍ തുടര്‍ന്നു: ഒരുവന്‍റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്‍റെ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here