അഞ്ചാം വാരം: തിങ്കള്‍ -ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (5/2/2018)

ഒന്നാം വായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (1:1-19)
(ദൈവം അരുളിച്ചെയ്തു: അപ്രകാരം സംഭവിക്കുകയും ചെയ്തു.)
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനുമൂതെ ചലിച്ചുകൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – ഒന്നാംദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ജലമദ്ധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ. അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – രണ്ടാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്ന് സൃഷ്ടിച്ചു. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.സന്ധ്യയായി, പ്രഭാതമായി – നാലാം ദിവസം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(104:1-2a,5-6,10+12,24+35c)
R (v.31b) കര്‍ത്താവു തന്‍റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു. വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു.
R കര്‍ത്താവു തന്‍റെ …………..
2. അവിടുന്നു ഭൂമിയെ അതിന്‍റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല. അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കുമീതേ നിന്നു.
R കര്‍ത്താവു തന്‍റെ …………..
3. അവിടുന്നു താഴ്വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. ആകാശപ്പറവകള്‍ അവയുടെ തീരത്തു വസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.
R കര്‍ത്താവു തന്‍റെ …………..
4. കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്! ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
R കര്‍ത്താവു തന്‍റെ …………..
രണ്ടാം വര്‍ഷം
ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന് (8:1-7,9-13)
(കര്‍ത്താവിന്‍റെ വാഗ്ദാനപേടകം അതിവിശുദ്ധസ്ഥലമായ
ശ്രീകോവിലില്‍ സ്ഥാപിച്ചു )
അക്കാലത്ത്, കര്‍ത്താവിന്‍റെ വാഗ്ദാനപേടകം ദാവീദിന്‍റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരെയും ഗോത്രനേതാക്കന്‍മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി. ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ദിവസം ഇസ്രായേല്‍ജനം രാജസന്നിധിയില്‍ സമ്മേളിച്ചു. ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ വന്നുചേര്‍ന്നു; പുരോഹിതന്‍മാര്‍ പേടകം വഹിച്ചു. പുരോഹിതന്‍മാരും ലേവ്യരും ചേര്‍ന്ന് കര്‍ത്താവിന്‍റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു. സോളമന്‍രാജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനവും പേടകത്തിന്‍റെ മുന്‍പില്‍, അസംഖ്യം കാളകളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.
പുരോഹിതര്‍ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം അതി വിശുദ്ധസ്ഥലമായ ശ്രീകോവിലില്‍ യഥാസ്ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ സ്ഥാപിച്ചു. കെരൂബുകള്‍ പേടകത്തിനു മുകളില്‍ ചിറകുകള്‍ വിരിച്ച്, പേടകത്തെയും അതിന്‍റെ തണ്ടുകളെയും മറച്ചിരുന്നു.
മോശ ഹോറെബില്‍വച്ചു നിക്ഷേപിച്ച ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തില്‍ ഉണ്ടായിരുന്നില്ല. അവിടെ വച്ചാണ് ഈജിപ്തില്‍നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത്.
പുരോഹിതന്‍മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്‍റെ ആലയത്തില്‍ നിറഞ്ഞു. മേഘംകാരണം പുരോഹിതന്‍മാര്‍ക്ക് അവിടെനിന്നു ശുശ്രൂഷ ചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്‍റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞുനിന്നു. അപ്പോള്‍ സോളമന്‍ പറഞ്ഞു: കര്‍ത്താവ് സൂര്യനെ ആകാശത്തു സ്ഥാപിച്ചു; എന്നാല്‍, നിറഞ്ഞ അന്ധകാരത്തിലാണ് താന്‍ വസിക്കുക എന്ന് അവിടുന്ന് അരുളിച്ചെയ്തു. അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മചിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(132: 67,810)
R (v.8a) കര്‍ത്താവേ, അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ!
1. എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു. യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെത്തി. നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്‍ ആരാധിക്കാം.
R കര്‍ത്താവേ അങ്ങയുടെ …………..
2. കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ! അങ്ങയുടെ പുരോഹിതന്‍മാര്‍ നീതി ധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ! അങ്ങയുടെ ദാസനായ ദാവീദിനെ പ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്ക്കരിക്കരുതേ!
R കര്‍ത്താവേ അങ്ങയുടെ …………..
അല്ലേലൂയാ!
അല്ലേലൂയാ! (cf .മത്താ.4:23) യേശു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (6:53-56)
(അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിച്ചു)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു. അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന്‍ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here